This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിഗഡ് പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലിഗഡ് പ്രസ്ഥാനം

ഇന്ത്യന്‍ മുസ് ലീങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനം ലക്ഷ്യമാക്കി സര്‍ സെയ്യദ് അഹമ്മദ്ഖാന്‍ (1817-98) ആരംഭിച്ച പ്രസ്ഥാനം. 1857-ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമര(ശിപായിലഹള)ത്തിനുശേഷം ബ്രിട്ടീഷുകാരുടെ അതൃപ്തിക്കു പാത്രമായിത്തീര്‍ന്ന ഇന്ത്യന്‍മുസ് ലീങ്ങള്‍ പൊതുവേ നിരാശരും നിര്‍വീര്യരുമായി. ഈ സന്ദര്‍ഭത്തിലാണ് സര്‍ സെയ്യദ് അഹമ്മദ്ഖാന്‍ ഇന്ത്യന്‍ സാമൂഹികരംഗത്ത് പ്രവേശിച്ചത്. ഇദ്ദേഹത്തിന്റെ ആദര്‍ശസംഹിതകളില്‍നിന്ന് ഉടലെടുത്തതാണ് അലിഗഡ് പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിന്റെ ചൈതന്യകേന്ദ്രം അലിഗഡ് പട്ടണവും അവിടെ രൂപമെടുത്തു വളര്‍ന്നുവന്ന ആംഗ്ലോ-മുഹമ്മദന്‍ ഓറിയന്റല്‍ കോളജുമായിരുന്നു. ഈ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിച്ചത് സര്‍ സെയ്യദ് അഹമ്മദ്ഖാന്‍ തന്നെയാണ്.

ലക്ഷ്യങ്ങള്‍. മുസ് ലീം സമുദായത്തിനെതിരെ ബ്രിട്ടീഷ് ഭരണാധികാരികള്‍ പുലര്‍ത്തിവന്നിരുന്ന എതിര്‍പ്പ് ഇല്ലാതാക്കി അവരുടെ പരിഗണന സമ്പാദിക്കുകയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം. ബ്രിട്ടീഷുകാരുടെ ഭാഷ, മതം, വിജ്ഞാനം, വിശ്വാസം, ആചാരം എന്നിവയെപ്പറ്റി മുസ് ലീംങ്ങളുടെ ഇടയിലുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കി, ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണസംവിധാനത്തില്‍ മുസ്ലിങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നേടിക്കൊടുക്കുക എന്നത് അലിഗഡ് പ്രസ്ഥാനത്തിന്റെ പ്രധാന പരിപാടികളില്‍ ഉള്‍പ്പെട്ടിരുന്നു. മുസ് ലീങ്ങളുടെ നിലനില്പിനു ബ്രിട്ടീഷ്ഭരണത്തോടു കൂറുപുലര്‍ത്തേണ്ടത് ആവശ്യമാണെന്നും, അവരുടെ വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങള്‍ പരിഷ്കരിക്കേണ്ടത് ആവശ്യമാണെന്നും മനസ്സിലാക്കിയതിന്റെ ഫലമായി സര്‍ സെയ്യദ് അഹമ്മദ്ഖാന്‍ അവരുടെ ശ്രദ്ധ ആ രംഗങ്ങളിലേക്കു തിരിച്ചുവിട്ടു. തന്‍മൂലം യാഥാസ്ഥിതികചിന്താഗതിക്കാരായ മുസ് ലീങ്ങള്‍ അദ്ദേഹത്തെ വെറുക്കുകയും എതിര്‍ക്കുകയും ചെയ്തു. എങ്കിലും ഭരണവര്‍ഗത്തോടു കൂറുണ്ടായിരുന്ന സര്‍ സെയ്യദ് അഹമ്മദ്ഖാന്‍, ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളില്‍നിന്നു പിന്‍മാറിയില്ല. മുസ്ലിങ്ങള്‍ക്ക് രാഷ്ട്രീയാനുകൂല്യങ്ങള്‍ സമ്പാദിക്കുന്നതിലും ഹിന്ദു-മുസ് ലീം മൈത്രി ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം ഉദ്യുക്തനായി. ഇന്ത്യന്‍ മുസ് ലീംങ്ങള്‍ രാഷ്ട്രീയമായി അപക്വമതികളാണെന്നും സാമ്പത്തിക വ്യാവസായിക വിദ്യാഭ്യാസമണ്ഡലങ്ങളില്‍ പിന്നോക്കാവസ്ഥയിലാണെന്നും മനസ്സിലാക്കിയ അഹമ്മദ്ഖാന്‍ സ്വന്തം കാര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് അവരെ ഉപദേശിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിലോ, ഇതര ലോകമുസ് ലീം സംഘടനകളിലോ ഇന്ത്യന്‍ മുസ് ലീങ്ങള്‍ ചേരേണ്ടതില്ലെന്ന് ഇദ്ദേഹം ഉപദേശിച്ചിരുന്നു.

വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍. മുസ് ലീം വിദ്യാഭ്യാസ നവീകരണവും വികസനവുമായിരുന്നു അലിഗഡ് പ്രസ്ഥാനത്തിന്റെ കാതല്‍. ഇംഗ്ളീഷുഭാഷയുടെ സഹായത്തോടുകൂടി ആധുനികവിദ്യാഭ്യാസം മുസ്ലിങ്ങളുടെ ഇടയില്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1869-70 കാലഘട്ടത്തില്‍ അഹമ്മദ്ഖാന്‍ ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാല സന്ദര്‍ശിച്ചു. ഇന്ത്യന്‍ മുസ് ലീങ്ങളുടെ വിദ്യാഭ്യാസോന്നതി ലക്ഷ്യമാക്കി ഇന്ത്യയില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ 1883-ല്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പല പ്രശ്നങ്ങള്‍കാരണം വളരെ വൈകിയാണ് അലിഗഡിലെ വിദ്യാകേന്ദ്രം സ്ഥാപിതമായത്. ഇന്ത്യന്‍മുസ്ലിങ്ങളുടെ ബുദ്ധിപരമായ വളര്‍ച്ചയ്ക്കും വികാസത്തിനും രാഷ്ട്രീയ-സാമ്പത്തിക പുരോഗതിക്കുംവേണ്ടി ഈ സര്‍വകലാശാല പ്രയോജനപ്രദമായിത്തീരണമെന്നതായിരുന്നു സര്‍ സെയ്യദ് അഹമ്മദ്ഖാന്റെ ആത്യന്തികലക്ഷ്യം. ആദര്‍ശങ്ങള്‍ വിശാലമാക്കുക, മാനുഷികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക, ശാസ്ത്രീയമായ ലോകവീക്ഷണം ഉയര്‍ത്തിപ്പിടിക്കുക, രാഷ്ട്രീയകാര്യങ്ങളില്‍ സുശിക്ഷിതരാവുക, ഷിയാ-സുന്നി വിഭാഗങ്ങളുടെ മതപഠനസമ്പ്രദായം നടപ്പിലാക്കുക എന്നിവയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടര്‍ന്നു. അങ്ങനെ ആംഗ്ലോ-മുഹമ്മദന്‍ ഓറിയന്റല്‍ കോളജ് 1874-ല്‍ ആരംഭിച്ചു. 1875-ല്‍ സ്കൂള്‍ ക്ലാസ്സുകളും 1878-ല്‍ കോളജ് ക്ലാസ്സുകളും ആരംഭിച്ചു. ഈ സ്ഥാപനമാണ് ക്രമേണ വളര്‍ന്ന് അലിഗഡ് മുസ് ലീംസര്‍വകലാശാലയായിത്തീര്‍ന്നത് (1920). 1886-ല്‍ സമ്മേളിച്ച അഖിലേന്ത്യാ മുസ് ലീംവിദ്യാഭ്യാസ കോണ്‍ഫറന്‍സ് സര്‍ സെയ്യദ് അഹമ്മദ്ഖാന്റെ വിദ്യാഭ്യാസ പരിപാടികള്‍ക്ക് അംഗീകാരം നല്കി. ഈ വിദ്യാഭ്യാസ കോണ്‍ഫറന്‍സിന്റെ ഫലമായി അലിഗഡ്പ്രസ്ഥാനം ഇന്ത്യയില്‍ പലയിടത്തും വ്യാപിച്ചു.

എതിര്‍പ്പുകള്‍. അലിഗഡില്‍ സ്ഥാപിതമായ വിദ്യാഭ്യാസകേന്ദ്രം പ്രതിനിധാനംചെയ്യുന്ന ആശയാദര്‍ശങ്ങളെ എതിര്‍ത്തുകൊണ്ട് ചില മുസ്ലിം മതപണ്ഡിതന്മാര്‍ ദേവ്ബന്തില്‍ (യു.പി.) ഒരു അറബിമദ്രസ സ്ഥാപിച്ചു. അവിടത്തെ മതപണ്ഡിതന്മാര്‍ കോണ്‍ഗ്രസ് അനുകൂലികളും ഇംഗ്ലീഷ് വിദ്യാഭ്യാസരീതിയോട് എതിര്‍പ്പുള്ളവരുമായിരുന്നു. എന്നാല്‍ അലിഗഡ് പ്രസ്ഥാനം സര്‍ സെയ്യദ് അഹമ്മദ്ഖാന്റെ വിശാലവീക്ഷണം ഉള്‍ക്കൊള്ളുന്നതും, ഇംഗ്ലീഷ് വിദ്യാഭ്യാസം സമ്പാദിക്കുന്നതിലും ഇംഗ്ലീഷുകാരുടെ വസ്ത്രധാരണരീതിയും മറ്റും അനുകരിക്കുന്നതിലും ഇംഗ്ലീഷുകാരുമായി സൗഹൃദബന്ധം പുലര്‍ത്തുന്നതിലും മാര്‍ഗദര്‍ശിത്വം നല്കുന്നതും ആയിരുന്നു. പാശ്ചാത്യഭോജനരീതി, പ്രാര്‍ഥനയ്ക്കുശേഷമുള്ള ആലിംഗനം, പെരുന്നാള്‍ ദിവസങ്ങളിലെ മധുരപലഹാരവിതരണം, ആശംസകള്‍ അര്‍പ്പിക്കല്‍, പട്ടുവസ്ത്രധാരണം, കാലിന്റെ നെരിയാണി മറയ്ക്കുന്ന വിധത്തില്‍ ട്രൗസേഴ്സ് ധരിക്കല്‍, മുഖക്ഷൌരം, മനുഷ്യന്റെ ഇച്ഛാശക്തി, ദൈവവിധി തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റിയുള്ള പ്രതിപാദനം, ശാസ്ത്രതത്ത്വങ്ങളിലുള്ള വിശ്വാസം എന്നിവയെല്ലാം നിഷിദ്ധങ്ങളാണെന്നു യാഥാസ്ഥിതികരായ മുസ് ലീങ്ങള്‍ കരുതിയിരുന്നു. ഇവയെ പുനഃപരിശോധന ചെയ്യാനും സാംസ്കാരിക-സാമൂഹിക നവോത്ഥാനത്തിനു വഴിയൊരുക്കുവാനും പ്രേരണ നല്കിയ ഒരു പ്രസ്ഥാനമായിരുന്നു അലിഗഡ് പ്രസ്ഥാനം. നോ: അഹമ്മദ്ഖാന്‍; സര്‍ സെയ്യദ്

(പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍